Monday 23 June 2014

ഗർഭപാത്രത്തിലെ വിത്ത്‌

ചാറ്റൽ മഴയുടെ അകമ്പടിയും
ഇളം തെന്നലിൽ തലോടലും
മകരമഞ്ഞിൻ  കുളിരും
ഹരിത വർണ്ണമാം പ്രകൃതിയും
പ്രതീക്ഷിച്ചു കൊണ്ട്
നഗരത്തിലെ സൗധങ്ങൾക്കടിയിൽ
ഭൂമിമാതാവിൻ ഗർഭപാത്രത്തിൽ
കിടക്കുന്ന പൈതൽ
അറിയുന്നില്ല ഇതെല്ലാം
വ്യർത്ഥമാം ആഗ്രഹങ്ങൾ.
വളർന്നു പന്തലിച്ചു നില്ക്കാനി -
ടമില്ലാതെ മൂർച്ചയുള്ള  ദംഷ്ട്രങ്ങൾക്കിരയായ്
അംഗവൈകല്യമുള്ളവനായ്
വളരേണ്ടി വരുമെന്ന്,
ഈ ഭൂമിയില്ലെല്ലാം നിഷിപ്തമാണെന്ന് .
ഇതിനെല്ലാം ഹേതുവായ്
മർത്ത്യാഹങ്കാരം..

Tuesday 10 June 2014

ജഡമായ പൂ

ആരുടെയോ സ്നേഹവികാരത്തിൻ
പ്രതിഫലമാകാം
ആർക്കും വേണ്ടാതെ റോഡരികിൽ
ദയനീയ ഭാവത്താൽ കിടന്നിരുന്ന  ആ പൂ.

നൂലുപോൽ പെയ്തിറങ്ങി
മഴത്തുള്ളികളവളെ  തലോടുമ്പോൾ
ഏറെ സുന്ദരിയായിരുന്നു അവൾ .

ശകടചക്രത്തിന്നടിയിൽക്കിടന്നു
ചതഞ്ഞരയുമെന്ന ഭീതിയാൽ,
ഞാനെൻ കൈവെള്ളയിൽ എടുക്കവെ
തിരിച്ചറിഞ്ഞു അവൾ വെറുമൊരു ജഡം .

നിർഭയദാക്ഷണ്യത്താൽ കുറ്റികാട്ടിലേക്ക്
വലിച്ചെറിയവെ,
എൻ കണ്ണുകൾക്ക് കുളിർമ്മയേകി
ഉണങ്ങിയൊടിഞ്ഞ ആ കുറ്റിക്കാട്ടിൽ
ഇരുട്ടിൽ നിലാവിൻ വെണ്മപ്പോൽ
ഒരു രാജകുമാരിയെപ്പോൽ
അവൾ മനോഹരിയായിരിക്കുന്നു .


Monday 2 June 2014

ചായങ്ങൾ

ഒരു നുറുങ്ങ് വെട്ടത്തിൻ പ്രതീക്ഷയിൽ
സഞ്ചരിക്കുന്ന ജീവിത കാഴ്ചകൾക്കപ്പുറമൊരു
ലോകം ..

വർത്തമാനം  കല്ലെറിയുമ്പോൾ
ഉന്മാദത്തിൻ വർണ്ണ ശബളമാം  ലോകം
 എന്നിലേക്ക് പ്രകാശം തൂവുന്നു ..

ചായമെൻ ശരീരത്തിൽ ഒരു നാഗം പോൽ
ഒരു തോഴനായ്‌  ചുറ്റിപ്പിണയും നേരം
ഭോഗത്തിൻ സൃഷ്ടി എന്നിൽ  ഉടലെടുക്കുന്നു .

അരിച്ചിറങ്ങുന്ന ചായത്തിലൊരു
നികൃഷ്ടമാം മൃഗത്തിൻ നയനമെനിക്ക് നേരെ
തുപ്പും അഗ്നി യഥാർത്യത്തിലേക്ക്
വലിച്ചിഴക്കവെ വീണ്ടുമാ
നിർവികാരവസ്ഥയിലേക്ക് ....

നിരർത്ഥ സ്വാർത്ഥമാം ബന്ധങ്ങൾക്കിടയിൽ
പതറിയൊരു കുഞ്ഞുപൈതലായ്
നിൽക്കവെ ,
തിമിരത്തിൻ വേരെൻ കണ്ണുകളിൽ ആഴ്ന്നിറങ്ങി
കാഴ്ച്ചയെ മറയ്ക്കുമ്പോൾ,
നിലാവിന്റെ വെണ്മയിൽ    
നിഴലിൽ ഇരുൾ പോലെയീ
നിമിഷമെൻ പ്രണയം ...