Friday 7 November 2014

കന്യാവനം തേടിയുള്ള യാത്ര

നിഴൽതരുകൾക്കിടയിലൂടെ
അനന്തമാം കാൽപാടുകൾ പിന്തുടർന്ന്
മങ്ങിയ വെളിച്ചത്തിൽ എന്തോ ഭാരവും താങ്ങി
അയാൾതൻ യാത്ര..

നൊമ്പരം ചിന്നിചിതറുന്ന ചുണ്ടുകൾ -
ഭ്രാന്ത് പുലമ്പുന്നു ..
നയനങ്ങൾ ഒരു മിനുങ്ങ് വെട്ടത്തിനായ്
അലഞ്ഞുകൊണ്ടിരിക്കുന്നു ..

എവിടെനിന്നോ ചക്രവാകപക്ഷിതൻ
ദയനീയ രോദനം കേൾക്കവെ,
പ്രത്യക്ഷമായ് മുന്നിലൊരു
പക്ഷിതൻ മൃതശരീരം..

ധൃഷ്ടനാം ചുവടുകൾ മുന്നോട്ട് നീങ്ങിയ നേരം
മെലിഞ്ഞുണങ്ങിയൊരെല്ലിൻ
ശ്വാനത്തിൻ മാറത്തൊരുത്തുള്ളി നീരിനായ്‌
മത്സരിക്കുന്ന കുഞ്ഞുങ്ങൾ, ശമിപ്പിച്ചു
അയാൾതൻ ദാഹത്തെ ....

ഓർമ്മയിലെ ഋതുക്കള്‍ കാട്ടുചോലകളായ്
മുളങ്കൂട്ടസംഗീതമായ്,
അലയടിക്കവേ , വിഫലമീ
യാത്ര തുടരുന്നു അയാൾ ..

Monday 20 October 2014

പ്രതീക്ഷ

എന്തെന്നറിയില്ല, ഞാനാ-
പ്രതീക്ഷതൻ ഏകാന്തതയിൽ

          എൻ നെഞ്ചിൻ തെന്നലിൽ
          ലയിച്ചുപോയി ഞാനാ കുളിരിൽ

ആ ..വരുന്നു സന്ദേശവാഹകൻ
പ്രകൃതിയുടെ പച്ചപ്പുണർന്നു

         എൻ മനസിൻ അറയിൽ
         പ്രണയം പൂത്തപോൽ,

കിളിവാതിലിൻനുള്ളിലൂടെ നോക്കവെ ,
മനസ്സിൽ നോവിൻമുന ആഴ്ന്നിറങ്ങി .

         സന്ദേശവാഹകൻ മടങ്ങവേ
         ശോകാർദ്രമാം പ്രകൃതി

വന്നു ഇർവിൻ നിശബ്ദത
പിടയുന്നു എൻ ഹൃദയം ..


ഓർമ്മകൾ

കിഴക്കിൽ പുഞ്ചിരി
തൂകും സൂര്യനായ്..

ഇലത്തുമ്പിൽ ചാഞ്ചാടും
മഞ്ഞുത്തുള്ളിയായ് ..

ഇളംങ്കാറ്റിൻ ചെറു
തലോടലായ് ...

രാവിനെ മനോഹരിയാക്കും
പാൽനിലാവായ് ...

വീണയിൽ നിന്നും ഒഴുകും
നാദമായ് ..

നൂലുപോൽ പൊഴിയും
കുളിർ  മഴയായ് ...

ഇരുളു ചേക്കേറുന്ന
ജീവിതത്തിൽ ...

അവശേഷിക്കുന്നത്
എന്നിലെ നീ മാത്രം ....

Saturday 11 October 2014

ഇന്നലെയും ഇന്നും

ഇന്നലെ : എന്നെ അറിയുന്ന
ഞാൻ അറിയുന്ന
ആൾക്കൂട്ടത്തിനിടയിൽ 
തനിയെ ....
ഇന്ന് : എന്നെ അറിയാത്ത
ഞാൻ അറിയാത്ത
ആൾക്കൂട്ടത്തിനിടയിൽ
തനിയെ.....

Thursday 21 August 2014

യാത്ര

നിർവികാരത്തിൻ പര്യായമായ
രണ്ടെണ്ണത്തിനിടയിൽ
ബൈക്കിൽ യാത്ര ചെയ്യുന്ന
രണ്ട് മുട്ടനാടുകൾ...
കാലത്തിൻ  പരിഷ്ക്കാരമല്ലിത് ,
കാലൻതൻ കൈകളിലേക്കുള്ള
യാത്രയാണ് ...
എൻ കരങ്ങൾ പരജിതമായ്
മിഴിശ്രവണങ്ങൾക്കായ്
മറയവാൻ കഴിയാതെ ...

                      


Sunday 10 August 2014

ജീവിതപാതയിൽ



ജീവിതയാത്രതൻ
അന്ത്യത്തിൽ
കണ്ണട  ചില്ലിനുള്ളിലൂടെ
കാഴ്ചകൾ മങ്ങുമ്പോൾ
ഓർമ്മകൾ നമ്മെ പുറകിൽ
തലോടും ....
തിരിഞ്ഞു നോക്കവേ
തെളിയുന്നു  കാണാതെ
പോയ ചില കാൽപാടുകൾ ..
നഷ്ടബോധത്തിൻ  ചിരിയും അധരത്തിൽ
പ്രതിഷ്ഠിച്ച്...
നെടുവീർപ്പിട്ട്...
പ്രകൃതിയിലേക്ക് അലിയാം
നമുക്ക്.,

ഒരു തെന്നലായ്


ദിവസങ്ങളോളം ഉള്ള , നാല് ചുമരുകൾക്കിടയിലെ  എന്റെ ജീവന് അവസാനമായിരിക്കുന്നു എന്ന് ഒരു  ഞെട്ടലോടുകൂടി തിരിച്ചറിഞ്ഞു . ചുറ്റും വേദനയുടെ ഞെരങ്ങലുകളും മൂളലുകളും എന്നെ അസ്വസ്ഥയാക്കി .
ജീവിതം കുറച്ചേയുള്ളൂ എന്നറിയാൻ വൈകിപോയി .  എങ്ങനെ ജീവിച്ചുതീർക്കണമെന്നു അറിയില്ലായിരുന്നു .
എല്ലാവരുടേയും പരിഹാസത്തിനിരയായി ജീവിതം ആസ്വദിക്കാൻ മറന്നുപോയി.
ആശ്വസത്തിനായ് വേദനകളുടെ ഇടയിൽനിന്നും അകന്നുപോകാൻ തീരുമാനിച്ച് അവിടെ നിന്നും ഇറങ്ങി.
വർഷകാലത്തിന്റെ ആരംഭമാണ്. മഴയെ ഞാനേറെ സ്നേഹിച്ചിരുന്നു ...
അതിലേറെ നിലാവിനെ ..
അങ്ങ് വയലിൽ ചീവീടുകളുടെയും തവളകളുടെയും പ്രാർത്ഥനയല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല.അവർക്കത്  സന്തോഷത്തിന്റെ നാളുകളാണ് . എന്നാൽ അതെന്റെ കാതുകളിൽ കാലന്റെ കാൽച്ചുവടുപോലെയായിരുന്നു .
പ്രതീക്ഷകളെല്ലാം  അസ്തമിച്ചിരിക്കുന്നു . മഴ തകർത്തുപെയ്യുന്നു..ആ  മഴയിൽ ഞാൻ നടന്നു . തണുപ്പിൽ ശരീരം മരവിക്കുന്നതോടൊപ്പം എന്റെ പ്രതീക്ഷകളും മരവിച്ചുതുടങ്ങിയിരുന്നു. കാറ്റ് ആഞ്ഞു വീശുന്നുണ്ടായിരുന്നു . പോയത് കടൽ തീരത്തേക്കായിരുന്നു. പോകുന്ന  വഴിയിൽ കുറെപേർ  ശയിക്കുന്നുണ്ട് . അതൊരു  ശ്മശാനമായിരുന്നു. നാളെ എന്റെ നിദ്രയും അവരിലൊരാളായിട്ടായിരിക്കും  എന്ന ചിന്ത എന്നിൽ ഒരു ദീർഘ നിശ്വാസം സൃഷ്ടിച്ചു. കടൽ തീരത്ത് ഞാൻ തനിച്ചായിരുന്നു .മഴ  ശാന്തമായിരിക്കുന്നു . ആഗ്രഹങ്ങളുടെ നിറക്കുടമാകുന്ന മനസ് .....ജീവിതത്തിൽ ഒരുപിടി ആഗ്രഹങ്ങൾ മാത്രമേ യാഥാർത്ഥ്യമാകൂ  എന്ന് ആദ്യമായും അവസാനമായും തിരിച്ചറിഞ്ഞു.
എങ്കിലും ഞാനാഗ്രഹിച്ചു ഒരു നിലാവ് കൂടി ..
അങ്ങകലെ പടിഞ്ഞാറെ ചക്രവാളം ഇരുണ്ടു തുടങ്ങി ..ദൂരെ കപ്പലിന്റെ നിഴൽ മാത്രം കാണാം. തിരമാലകൾ ശാന്തമായിരിക്കുന്നു . ഞാൻ മണൽത്തിട്ടയിലൂടെ നടന്നു നീങ്ങി.ഞണ്ടുകൾ ധൃതിയിൽ സഞ്ചരിക്കുന്നു.തിരകൾ  കാൽച്ചുവട്ടിൽ നിന്നും മണലിനെ വഹിച്ചുകൊണ്ട് പോകുന്നു .
എന്റെ കർണ്ണങ്ങളിൽ നായയുടെ ഓലിയിടൽ...ചുറ്റും വവ്വാലുകൾ വട്ടമിടുന്നത് പോലെ ...
ഞാൻ മടങ്ങി ......
 പോകുന്ന വഴി ശ്മശാനത്തിന്റെ മുന്നിൽ കുറച്ച് നേരം നിന്നു. ചില സ്ഥലങ്ങളിൽ പൂക്കൾ വെച്ചിരിക്കുന്നു ."നാളെ  എനിക്ക് വേണ്ടി ആരായിരിക്കും ..?"
അറിയില്ല ...
അവിടെനിന്നും  ആരോ  എന്നെ കൈനീട്ടി വിളിക്കുന്നത് പോലെ തോന്നി .
ഇളം തെന്നൽകുളിർ എന്നെ പുണർന്നു...
ബന്ധങ്ങളുടെയും വേദനകളുടെയും വലകളിൽ നിന്നും ഇന്ന് ഞാൻ  അവർക്കൊപ്പം ഗാഢനിദ്രയിലാണ് .
പക്ഷേ ആത്മാക്കളുടെ ഇഷ്ടമായ മഴ ഓരോ വർഷവും ഉണ്ടാകുമ്പോൾ അതിനിടയിൽ  ഒരു തെന്നലായ്  ഞാനും ..
നിങ്ങളറിയാതെ..
നിങ്ങൾക്കിടയിൽ ..

Saturday 9 August 2014

എൻ വർഷമേ..



നൂലുപോൽ പെയ്തിറങ്ങി
അങ്കണത്തിൽ മനോഹരമാം
വളകൾ നിറക്കുന്നുവോ  നീ
ആഗ്രഹങ്ങൾ സാധിക്കവേ
കേൾക്കാം മണ്‍ഡൂപകലാപം.

     അങ്ങുദൂരെ പടിഞ്ഞറെ
     നെറ്റിയിൽ സപ്തവർണ്ണമാം
     കുറിച്ചാർത്തുമായ് ഗഗനം .
     നിർമ്മലമാം തളിരിലകൾ
     ആടുന്നു ആനന്ദനൃത്തം

എന്തിനു നീ ആർത്തു വിളിക്കുന്നു
ദുർബലമാം മനസിനെ ഭീതിയിലാക്കാൻ ?
സ്വരരാഗമല്ലിത്, ഓർമ്മിപ്പിക്കുന്നു
ദുർഘടമാം  എൻ  ജീവിതത്തെ .

     കലിതുള്ളിയാൽ വിറയ്ക്കും കുരുന്നുകൾ,
     ജനനിയെ അലങ്കാരമാക്കുമാ-
     കുഞ്ഞുകാൽപാടുകൾ മറയുന്നു
     നിൻ പ്രളയത്താൽ .......
     വിനിന്ദ്രയാക്കുന്നു നിൻ അട്ടഹാസം.

കാണുന്നു മഴതൻ  മറുരൂപം ,
ഉയരുന്നു മരണത്തിൻ കാലൊച്ച ,
കേൾക്കുന്നു ആത്മാക്കൾതൻ
കൊലച്ചിരി .......
അറിയുന്നു ശ്മശാനത്തിൻ ഗന്ധം.

     കാണാനാഗ്രഹിക്കുന്നു  സ്വർണ്ണ
     വർണ്ണമാം  വെയിലിനെ
     കാണാനാഗ്രഹിക്കുന്നു ഞാനാ
     ചന്ദ്രപുണ്ണ്യത്തെ .....
     ദയ തൂവുക എന്നിൽ നീ ..


എൻ സുഹൃത്തേ അടങ്ങൂ നീ..
ഇച്ചിക്കുന്നു ഞാനാ-
വയൽ വരമ്പിൽ ഉലാത്തൽ,
ആഗ്രഹിക്കുന്നു ചേബിൽ
തളികയിലെ മാണിക്ക്യം കാണാൻ.

     മൃദുലമാം നിൻ ആഗമനം
     എനിക്കേകിയിരുന്നു ശോകാർദ്രത,
     പുലരിയിലെ നിൻ പുഞ്ചിരി
     എനിക്കേകിയിരുന്നു സംതൃപ്തി,
     പ്രതീക്ഷിക്കുന്നു  ഞാനാ കുളിർ.



Monday 23 June 2014

ഗർഭപാത്രത്തിലെ വിത്ത്‌

ചാറ്റൽ മഴയുടെ അകമ്പടിയും
ഇളം തെന്നലിൽ തലോടലും
മകരമഞ്ഞിൻ  കുളിരും
ഹരിത വർണ്ണമാം പ്രകൃതിയും
പ്രതീക്ഷിച്ചു കൊണ്ട്
നഗരത്തിലെ സൗധങ്ങൾക്കടിയിൽ
ഭൂമിമാതാവിൻ ഗർഭപാത്രത്തിൽ
കിടക്കുന്ന പൈതൽ
അറിയുന്നില്ല ഇതെല്ലാം
വ്യർത്ഥമാം ആഗ്രഹങ്ങൾ.
വളർന്നു പന്തലിച്ചു നില്ക്കാനി -
ടമില്ലാതെ മൂർച്ചയുള്ള  ദംഷ്ട്രങ്ങൾക്കിരയായ്
അംഗവൈകല്യമുള്ളവനായ്
വളരേണ്ടി വരുമെന്ന്,
ഈ ഭൂമിയില്ലെല്ലാം നിഷിപ്തമാണെന്ന് .
ഇതിനെല്ലാം ഹേതുവായ്
മർത്ത്യാഹങ്കാരം..

Tuesday 10 June 2014

ജഡമായ പൂ

ആരുടെയോ സ്നേഹവികാരത്തിൻ
പ്രതിഫലമാകാം
ആർക്കും വേണ്ടാതെ റോഡരികിൽ
ദയനീയ ഭാവത്താൽ കിടന്നിരുന്ന  ആ പൂ.

നൂലുപോൽ പെയ്തിറങ്ങി
മഴത്തുള്ളികളവളെ  തലോടുമ്പോൾ
ഏറെ സുന്ദരിയായിരുന്നു അവൾ .

ശകടചക്രത്തിന്നടിയിൽക്കിടന്നു
ചതഞ്ഞരയുമെന്ന ഭീതിയാൽ,
ഞാനെൻ കൈവെള്ളയിൽ എടുക്കവെ
തിരിച്ചറിഞ്ഞു അവൾ വെറുമൊരു ജഡം .

നിർഭയദാക്ഷണ്യത്താൽ കുറ്റികാട്ടിലേക്ക്
വലിച്ചെറിയവെ,
എൻ കണ്ണുകൾക്ക് കുളിർമ്മയേകി
ഉണങ്ങിയൊടിഞ്ഞ ആ കുറ്റിക്കാട്ടിൽ
ഇരുട്ടിൽ നിലാവിൻ വെണ്മപ്പോൽ
ഒരു രാജകുമാരിയെപ്പോൽ
അവൾ മനോഹരിയായിരിക്കുന്നു .


Monday 2 June 2014

ചായങ്ങൾ

ഒരു നുറുങ്ങ് വെട്ടത്തിൻ പ്രതീക്ഷയിൽ
സഞ്ചരിക്കുന്ന ജീവിത കാഴ്ചകൾക്കപ്പുറമൊരു
ലോകം ..

വർത്തമാനം  കല്ലെറിയുമ്പോൾ
ഉന്മാദത്തിൻ വർണ്ണ ശബളമാം  ലോകം
 എന്നിലേക്ക് പ്രകാശം തൂവുന്നു ..

ചായമെൻ ശരീരത്തിൽ ഒരു നാഗം പോൽ
ഒരു തോഴനായ്‌  ചുറ്റിപ്പിണയും നേരം
ഭോഗത്തിൻ സൃഷ്ടി എന്നിൽ  ഉടലെടുക്കുന്നു .

അരിച്ചിറങ്ങുന്ന ചായത്തിലൊരു
നികൃഷ്ടമാം മൃഗത്തിൻ നയനമെനിക്ക് നേരെ
തുപ്പും അഗ്നി യഥാർത്യത്തിലേക്ക്
വലിച്ചിഴക്കവെ വീണ്ടുമാ
നിർവികാരവസ്ഥയിലേക്ക് ....

നിരർത്ഥ സ്വാർത്ഥമാം ബന്ധങ്ങൾക്കിടയിൽ
പതറിയൊരു കുഞ്ഞുപൈതലായ്
നിൽക്കവെ ,
തിമിരത്തിൻ വേരെൻ കണ്ണുകളിൽ ആഴ്ന്നിറങ്ങി
കാഴ്ച്ചയെ മറയ്ക്കുമ്പോൾ,
നിലാവിന്റെ വെണ്മയിൽ    
നിഴലിൽ ഇരുൾ പോലെയീ
നിമിഷമെൻ പ്രണയം ...

Thursday 6 March 2014

ചിതറിയ ചിന്തകൾ

ചിന്തകളുടെ അന്തകാരത്തിൽ
ഒരു ഭോഷയായ് സഞ്ചരിക്കവെ,
ഇടവഴിയിൽ നിഴലുകൾ
മത്തുപിടിപ്പിക്കെ ചുറ്റും
നൃത്തമാടുന്നു...

ഭ്രഷ്ടയായ് എൻ ചിന്തകൾ
അലയവെ, എന്തെന്നറിയാത്ത
ഒരു വിഭ്രാന്തി...

 ചോദ്യങ്ങൾക്ക് പ്രതിവചനമില്ലീ
നിമിഷമെങ്കിലും പ്രകാമമാം
ഉത്തരത്തിനായ് അലയുന്നു ഞാൻ
ഒരു പോഴയായ്...

ഭീതിയാകും ധൂമിതയാൽ
ലയിച്ചു പോയയെൻ
കടിഞ്ഞാണ് എങ്ങോ
നഷ്ടമായിരിക്കുന്നു

Saturday 15 February 2014

അനാഥത്വം

എൻ പൃഥ്വി ദേവി...മാതാവേ..
നിൻ മാറത്ത് നിൽക്കുമ്പോഴും വട്ടമിടുന്നു
കഴുകന്മാർ എനിക്കു ചുറ്റും.
നികൃഷ്ടമാം എന്നവസ്ഥയിൽ
എന്തേ നിൻ മാതൃത്വം അതിക്ഷിപ്തമാക്കി..?
ഞാനാഗ്രഹിക്കുന്നു നിൻ സമീപനം.
നിൻ കരങ്ങളാകും വിടപിതൻ
ചുവട്ടിൽ വിശ്രമിക്കുമ്പോഴും
കാണുന്നു നിൻ പത്തികൾ തൻ
അകൽച്ച..
നിൻ കരങ്ങളിൽ വാനരന്മാർ
കളിയാക്കി കളിച്ചുല്ലസിക്കുന്നു..
എൻ കർണങ്ങളിൽ പിശാചുക്കൾ
മന്ത്രമോതുന്നു...
മിഴികളിൽ കണ്ണീർസാഗരം
ഉത്ഭവിക്കുന്നു...
എന്നിൽ നിറയുന്നു ഉന്മാദം,
നിർഗ്ഗതമാകുന്നു എൻ സഹനശക്തി...

അജീവദിനം


ഉമ്മറത്തെ നിശബ്ദമാം അവസ്ഥയിൽ
ചന്ദനത്തിരി ഗന്ധത്തിൽ നടുവിൽ
വെള്ളപട്ടിൽ പൊതിഞ്ഞൊരു
അജീവമാം ശരീരം....
അരികിലിരുന്നു വായിട്ടു കരയുന്നു
ജീവിത സഖി .....
മനസിലായില്ല അവശേഷിച്ചതൊന്നും.
ശീർഷാറ്റത്തിരുന്നാരോ വചിക്കുന്നു
'രാമ....രാമ..നാരായണ'...
സൂക്ഷ്മമാക്കിയെൻ ശ്രദ്ധ,
നിമിഷങ്ങൾ നീങ്ങവെ അറിഞ്ഞു
ആ നാവിൻ കുസൃതി
രാമ...രാമ..മരായണ....

കാണാം കണ്ണീർതൻ കാപട്യങ്ങൾ
വന്നു കയറും നേരം നിറഞ്ഞൊഴുകുന്നു
ശബ്ദമാം കണ്ണീർപ്പുഴ ....
പിന്നീടോ...? സല്ലാപം.
അടുക്കളമുറ്റത്തിരുന്നു പങ്കുവെക്കുന്നു
നാരികൾ വീട്ടുവിശേഷങ്ങൾ,
മുറികളിൽ പിറുപിറുക്കുന്നു ചിലർ
അയാൾതൻ മഹത്വം, ജീവ
മൃത്യുവിനു ശേഷം മാത്രമായ്. 
ഇടവഴിയിൽ ചിന്തകളാൽ ബീഡി
പുകയ്ക്കുന്ന ഒരു വൃദ്ധൻ.
കാണാം രാഷ്ട്രീയ ഭ്രാന്തിൽ
പരിസരബോധം നഷ്ടമായവരെ..

നിരർത്ഥമാം ചടങ്ങുകൾക്ക് ശേഷം
മനസിനൊരു ന്യായത്തിൻ കുളിരേകി
ഒരു അന്ത്യകർമ്മം ...
പാവനമാം ദഹനം

Saturday 8 February 2014

യന്ത്രങ്ങൾ

അവശത അറിയിച്ചിരുന്നു
പ്രവർത്തനങ്ങളിലൂടെ ..
ഫാൻ ശബ്ദമുയർത്തി കരഞ്ഞു,
മുഖത്ത് അവശതയുടെ തുരുബ്
ഉയർന്നിരുന്നെങ്കിലും,അവയവങ്ങൾ
ദ്രവിക്കുകയായിരുന്നെങ്കിലും,
അവയെ കൃത്രിമമായ് കാര്യക്ഷമത
ഉണ്ടാക്കുവാൻ ശ്രമിച്ചു ..
അവസാനനിമിഷത്തിൽ തിരിച്ചറിഞ്ഞു
ഞാനവന്റെ സ്വാർത്ഥത, ഞാൻ
വെറുമൊരു അടിയാളനായിരുന്നു.
കാലത്തിൻ മാറ്റം വാക്കിൽ മാത്രം..

ഒരു ദിനകാഴ്ച്ച

മാലിന്യ കൂമ്പാരങ്ങളിൽ തപ്പിനടന്ന്
കുപ്പിയും മറ്റും പൊറുക്കി അവൾ
ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി
കഷ്ടപ്പെടുന്നു .............


പീടികതിണ്ണയിൽ ഭിത്തിയോട്
ചാരിക്കിടന്നവൾ മറയില്ലാതെ
മറച്ചുകൊണ്ട് കുഞ്ഞിനു
പാൽ ചുരത്തുന്നു ............


ജഡപിടിച്ച മുടിയും മുഷിഞ്ഞ വസ്ത്രയുമായ
ആ ശോഷിച്ച ജന്മത്തിനു
നേരയും പരിഹാസത്തിന്റെ
കല്ലെറിയുന്നു ചിലർ ......


ഇരുട്ടിൻ മറവിൽ ഭോഗസുഖം
ഉടുമുണ്ട് തലകെട്ടാക്കി ആ
ശരീരത്തിനു നേരെ തിരിയുന്ന
ചില കാമഭ്രാന്തൻമാർ....


പകൽവെളിച്ചത്തിൽ മാന്യതയുടെ
മുഖംമൂടിയണിഞ്ഞു ആ കഴുകന്മാർ
ഞാനൊന്നും അറിഞ്ഞില്ലേ രാമനാരായണ
എന്ന ഭാവത്തിൽ നടക്കുന്നു...

 

Sunday 2 February 2014

ജീവിതചക്രം


നിഷ്കളങ്ക സ്വാതന്ത്ര്യത്തിൻ
ബാല്യം അരങ്ങൊഴിഞ്ഞ്
കൗമാരം പടിയിറങ്ങിയ നേരം
മതപ്പാടെന്ന് പറഞ്ഞ്
അവരെന്നെ ചങ്ങലെയ്ക്കിട്ടു.
കാലിലെ മുറിവുകൾ
മനസിനെ വൃണപ്പെടുത്തി
പഴുത്തൊലിച്ചതാരുമറിഞ്ഞില്ല.
യൗവനത്തിൽ കൂടിയെൻ
ചങ്ങലതൻ കാഠിന്യം...
 ഓരോ ദിനരത്രികൾ യാത്രയാകവെ
തിരിച്ചറിഞ്ഞു
ഞാൻ ജീവനുള്ള ശവം.
പരിശ്രമത്തിനൊടുവിൽ ചങ്ങലതൻ
കണ്ണികളോരോന്നായറുത്ത്
പുറംലോകമാസ്വദിക്കാൻ വെമ്പുന്ന
എനിക്ക് മുന്നിലൊരു
സൂചനാ ബോർഡ്‌...
"വാർദ്ധക്യത്തിലേക്ക് സ്വാഗതം"

Saturday 1 February 2014

വിധി

പ്രതീക്ഷയറ്റ് പോകുമ്പോൾ
നാം  ആശ്വസിക്കുന്ന
വാക്ക് .....

ബന്ധങ്ങൾ മുറിയുമ്പോൾ നാം
സ്വാന്തനമായ് കേൾക്കുന്ന
വാക്ക് .....

അംഗങ്ങൾ മുറിച്ചുമാറ്റുമ്പോൾ
പണ്ഡിതർ ഉരുവിടുന്ന
വാക്ക് .....

കഴുകനഖങ്ങൾക്കിടയിൽ പിടയും
പെണ്ണിൽ ചെവികളിലെത്തുന്ന
വാക്ക് .....

 ജനനിയിൽ വിടപറയും നേരം
പരസ്പരം മന്ത്രിക്കുന്ന
വാക്ക് .....

പ്രണയമനസുകൾ പിരിയുമ്പോൾ
സുഹൃത്തുക്കൾ എറിയുന്ന
വാക്ക് ....

വൃദ്ധസദനങ്ങളിൽ ചേക്കേറും
വൃദ്ധരുടെ മനസ്സിൽ സൂക്ഷിക്കുന്ന
വാക്ക് ....

കാലചക്രത്തിൻ കളിപ്പാവയായ്
ഞാനെന്നോട് പറയുന്ന വാക്ക് ...."വിധി"